കല്ലടി കോളേജിൽ വെബിനാർ സീരീസ് ആരംഭിച്ചു.

കല്ലടി കോളേജിൽ വെബിനാർ സീരീസ് ആരംഭിച്ചു.

മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ്  അറബിക് ആൻറ് ഇസ് ലാമിക് ഹിസ്റ്ററി ഡിപ്പാർട്മെൻറ് വെബിനാർ സീരീസ് ആരംഭിച്ചു.  അക്കാദമിക വിഷയങ്ങളോടൊപ്പം  നൈപുണ്യ വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ ശാക്തീകരണം  തുടങ്ങി വിദ്യാർത്ഥികളുടേയും  പൊതു ജനങ്ങളുടെയും വൈജ്ഞാനികവും ക്രിയാത്മകവുമായ പുരോഗതിക്കായുള്ള വൈവിധ്യമാർന്ന തലങ്ങളിലൂടെയാണ് വെബിനാറുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യത്തെ പരിപാടിയിൽ ആസ്സാമിലെ ഗോഹാട്ടി യൂണിവേഴ്സിറ്റി പേർഷ്യൻ  ഡിപ്പാർട്ട്മെന്റ്  അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്. സൈഫുദ്ദീൻ കുഞ്ഞ് ‘മലായ് ഉപദ്വീപിലെ  ഇസ്ലാമിക സമൂഹം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
തെക്കു കിഴക്കൻ ഏഷ്യയിൽ സാംസ്കാരിക  വൈവിധ്യങ്ങളാലും  സവിശേഷമായ ചരിത്ര പശ്ചാത്തലത്താലും  പ്രാധാന്യമർഹിക്കുന്ന പ്രദേശമാണ് മലായ്. സാംസ്കാരിക സാമൂഹിക  സാമ്പത്തിക  മേഖലകളിൽ  പൗരാണിക കാലം മുതൽ  പ്രശസ്തമായ  മലായിലെ  ജനവിഭാഗങ്ങളെയും   അവരുടെ വൈവിധ്യമാർന്ന മത സാമൂഹിക ജീവിതത്തേയും സംബന്ധിച്ച് അദ്ദേഹം  പ്രബന്ധം അവതരിപ്പിച്ചു.
  കോളേജ് പ്രിൻസിപ്പൽ പ്രഫ.ടി.കെ ജലീൽ വെബിനാർ ഉദ്ഘാടനം ചെയ്തു. ഡോ. വി.എ ഹസീന, ഡോ.ടി.സൈനുൽ ആബിദ്  പ്രഫ.ഒ.എ മൊയ്തീൻ എന്നിവർ സംസാരിച്ചു. വെബിനാർ കൊ  ഓർഡിനേറ്റർ  പ്രൊഫ.എ.എം ഷിഹാബ് നന്ദി രേഖപ്പെടുത്തി.
സീരീസിലെ അടുത്ത പരിപാടിയിൽ 22 ന് തിങ്കളാഴ്ച  നൈജീരിയയിലെ യോബേ യൂണിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസ് ഡീൻ ഡോ.ടി.വി. സഈദ് സംസാരിക്കും.